ഡൽഹി: കത്തിക്കരിഞ്ഞ നിലയിൽ വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. പാർലമെൻ്റ് സമതി രൂപീകരിച്ചതിനെതിനെതിരെ നൽകിയ ഹർജിയാണ് തള്ളിയത്.
ഇംപീച്ച് ചെയ്യാനുള്ള നടപടികളുടെ ഭാഗമായി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് യശ്വന്ത് വർമ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഇംപീച്ച് നടപടികളുടെ ഭാഗമായാണ് വിഷയം പരിശോധിക്കാൻ ലോകസഭ സ്പീക്കറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചത്.
സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, മുതിർന്ന അഭിഭാഷകൻ ബി വസുദേവ ആചാര്യ എന്നിവരടങ്ങുന്നതാണ് സമിതി. എന്നാൽ ഇത് നിയമവിരുദ്ധമെന്ന് കാട്ടിയാണ് അലഹബാദ് കോടതി ജഡ്ജി യശ്വന്ത് വർമ സുപ്രീം കോടതിയെ സമീപിച്ചത്.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2025 മാർച്ചിൽ യശ്വന്ത് വർമ്മയുടെ വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സും ഡൽഹി പോലീസുമാണ് ചാക്കിൽ കെട്ടിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.