സഞ്ജുവിന്റെ 'ഡിആർഎസ്' മാജിക്; അഭിഷേക് ശർമയെ പുറത്താക്കി ചെന്നൈ; ക്യാപ്റ്റനെ നിർബന്ധിച്ച് റിവ്യൂ എടുപ്പിച്ചു; കൈയ്യടി
ബൗളർ പോലും ശ്രദ്ധിക്കാതിരുന്ന വിക്കറ്റ് സഞ്ജുവിന്റെ ഇടപെടലിലൂടെയാണ് ചെന്നൈയ്ക്ക് ലഭിച്ചത്
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ കൃത്യമായ ഇടപെടൽ ചെന്നൈ സൂപ്പർ കിങ്സിന് നിർണായക വിക്കറ്റ് സമ്മാനിച്ചു. വെടിക്കെട്ട് ബാറ്റിംഗ് നടത്തിയിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കാൻ സഞ്ജു കാണിച്ച ജാഗ്രതയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.
ബൗളർ പോലും ശ്രദ്ധിക്കാതിരുന്ന വിക്കറ്റ് സഞ്ജുവിന്റെ ഇടപെടലിലൂടെയാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ഇതോടെ തകർപ്പൻ ഫോമിലായിരുന്ന അഭിഷേക് ശർമയ്ക്ക് ക്രീസ് വിടേണ്ടി വന്നു. ജെയ്മി ഓവർടൻ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. അഭിഷേകിന്റെ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ കൈകളിൽ കൃത്യമായി എത്തി. എന്നാൽ ബൗളറോ മറ്റ് താരങ്ങളോ വിക്കറ്റിനായി അപ്പീൽ ചെയ്തില്ല.
പന്ത് ബാറ്റിൽ കൊണ്ടെന്ന് ഉറപ്പായിരുന്ന സഞ്ജു, ഉടൻ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്വാദിനോട് ഡിആർഎസ് എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസം കണ്ട ഗെയ്‌ക്വാദ് റിവ്യൂ എടുക്കാൻ തീരുമാനിച്ചു.
റിപ്ലേകളിൽ പന്ത് ബാറ്റിൽ തൊട്ടതായി വ്യക്തമായതോടെ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. ഇതോടെ അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് ചെന്നൈ താരങ്ങൾ ആഘോഷമാക്കി. പുറത്താകുമ്പോൾ വെറും 22 പന്തിൽ നിന്ന് ആറ് ഫോറും നാല് സിക്സും ഉൾപ്പെടെ 59 റൺസുമായി അഭിഷേക് ശർമ തകർത്തടിക്കുകയായിരുന്നു. സഞ്ജുവിന്റെ ഈ നീക്കം മത്സരത്തിൽ ചെന്നൈയ്ക്ക് വലിയ മേൽക്കൈ നൽകി. സഞ്ജുവിന്റെ ഈ തീരുമാനത്തെ കമന്റേറ്റർമാരും സോഷ്യൽ മീഡിയയും ഒരുപോലെ അഭിനന്ദിക്കുന്നുണ്ട്.
What's Your Reaction?