തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്ന് എസ്ഐടി. 2019ലെ മിനിറ്റ്‌സാണ് പിടിച്ചെടുത്തത്. സ്വർണം പൂശാനെടുത്ത യോഗ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് പിടിച്ചെടുത്ത മിനിറ്റ്‌സിലുള്ളത്.
രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് ബുക് പിടിച്ചെടുക്കാനും അവ സുരക്ഷിതമായി എസ്‌ഐടി കസ്റ്റഡിയിൽ സൂക്ഷിക്കാനും ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.
സംഭവങ്ങളുടെ ഗൗരവാവസ്ഥ പരിഗണിച്ചാണ് മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഇതിന്‍റെ പകർപ്പ് ഹൈക്കോടതി റജിസ്ട്രാർ ജനറലിന് നൽകണമെന്നും കോടതി നിർദേശത്തിൽ പറയുന്നു. രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കുന്നു.