കറാച്ചി: ഏകദിന ടീമിന് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെ പാകിസ്ഥാന്‍ ഏകദിന ടീം നായകസ്ഥാനത്തു നിന്ന് മാറ്റി. പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായി പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയെ നിയമിച്ചു.
കഴിഞ്ഞ 12 മാസത്തിനിടെ ഫോർമാറ്റിലെ മൂന്നാമത്തെ നേതൃത്വ മാറ്റമാണിത്. നവംബര്‍ നാലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് മുന്നോടിയായാണ് റിസ്‌വാനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കിയത്.
ബാബർ അസം രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത മുഹമ്മദ് റിസ്വാന് പകരക്കാരനായാണ് 25 കാരനായ താരം ചുമതലയേൽക്കുന്നത്. വൈറ്റ്-ബോൾ ക്രിക്കറ്റിൽ പാക്കിസ്ഥാന്‍റെ മുഖ്യ പരിശീലകനായ മൈക്ക് ഹെസ്സന്‍റെ നിർബന്ധമാണ് നായകനെ മാറ്റാനുള്ള പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.
റിസ്‌വാനും ഷഹീന്‍ അഫ്രീദിയം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന ടീമിന് പുതിയ നായകനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. ക്യാപ്റ്റനെ മാറ്റിയതിനു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) പ്രത്യേകിച്ച് വിശദീകരണമൊന്നും പുറത്തുവിട്ടിട്ടില്ല.