ഒരു കോടി അടിച്ച ലോട്ടറി തട്ടിയെടുത്ത് കടന്നു; സംഘത്തിലെ ഒരാൾ പിടിയിൽ
സംഭവവുമായി ബന്ധപ്പെട്ട് ചക്കാട് സ്വദേശി ഷുഹൈബിനെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ: ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയെയും സുഹൃത്തിനെയും ആക്രമിച്ച് ടിക്കറ്റ് തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പിടിയിലായി. പേരാവൂർ സ്വദേശി സാദിഖിന് സമ്മാനം ലഭിച്ച 'സ്ത്രീശക്തി' ലോട്ടറി ടിക്കറ്റാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചക്കാട് സ്വദേശി ഷുഹൈബിനെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 30-ന് നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ നികുതി ഇല്ലാതെ മുഴുവനായി കൈപ്പറ്റാനായി സാദിഖ് ടിക്കറ്റ് കരിഞ്ചന്തയിൽ മറിച്ചുവിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി കഴിഞ്ഞ 15 ദിവസമായി ഇയാൾ ഒരു സംഘവുമായി ബന്ധപ്പെട്ടുവരികയായിരുന്നു.
ലോട്ടറി വാങ്ങാമെന്ന് ഏറ്റ സംഘത്തെ ഇന്നലെ രാത്രി സാദിഖും സുഹൃത്തും നേരിൽ കണ്ടു. സംസാരത്തിനിടെ ടിക്കറ്റുമായി സാദിഖിന്റെ സുഹൃത്തിനെ സംഘം ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ടിക്കറ്റ് പിടിച്ചുവാങ്ങിയ ശേഷം വഴിയിൽ തള്ളുകയുമായിരുന്നു.
പിടിയിലായ ഷുഹൈബ് മുൻപും കള്ളപ്പണക്കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. സാദിഖ് നേരത്തെ തന്നെ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതിനാൽ പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചു.
സംഘത്തിലെ ബാക്കി നാലുപേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ലോട്ടറി സമ്മാനം ബാങ്ക് വഴിയല്ലാതെ നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
What's Your Reaction?