അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിലായി
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ സൗരവ് (24) നെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിന്റെ ടെലികോളറായ ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നിതിൻ രാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയും മാനസികമായി സമ്മർദത്തിലാക്കിയും വായ്പ തുക തിരിച്ചടയ്ക്കാൻ നിർബന്ധിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ നേരത്തെ തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചക്കരക്കൽ പൊലീസ് സ്വമേധയാ എടുത്ത കേസിന്റെ അന്വേഷണം പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
നിതിനും കോളേജ് അധ്യാപികയായ ലതയ്ക്കും ലോൺ ആപ്പ് സംഘത്തിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ലതയ്ക്ക് തുടർച്ചയായി ഫോൺ കോളുകൾ വന്നതിനെ തുടർന്ന് നിതിനെ പ്രിൻസിപ്പലിന്റെ ചേംബറിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതിൻ ജീവനൊടുക്കിയത്.
സംഭവത്തിന് ശേഷം അധ്യാപിക ലത സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാതി ചക്കരക്കൽ പൊലീസിന് കൈമാറുകയും കേസെടുക്കുകയും ചെയ്തു. നിതിന്റെ കുടുംബം പറയുന്നതനുസരിച്ച്, അമ്മയുടെ ചികിത്സാ ചെലവുകൾക്കായാണ് ഓൺലൈൻ ലോൺ ആപ്പിലൂടെ വായ്പ എടുത്തത്. വായ്പ തുക പൂർണമായും തിരിച്ചടച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശങ്ങളോ കോളുകളോ ലഭിച്ചിരുന്നെങ്കിൽ അത് രക്ഷിതാക്കളെ അറിയിക്കേണ്ടതായിരുന്നുവെന്ന് നിതിന്റെ പിതാവ് രാജൻ പ്രതികരിച്ചു. അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്ന സ്വഭാവം നിതിനില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?



