മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി
മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കളെ ഉപയോഗിച്ചാണ് നിലവിൽ ദുരന്തഭൂമിയിൽ തെരച്ചിൽ നടത്തുന്നത്
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായാണ് കൈയ്യുടെ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. തെരുവുനായ്ക്കൾ കടിച്ചുകുടഞ്ഞ് ദൂരസ്ഥലങ്ങളിൽ കൊണ്ടിട്ടതാകാം ഈ ശരീരഭാഗങ്ങളെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ പാടശേഖരങ്ങളിൽ നിന്നും കൂടുതൽ അവയവങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കളെ ഉപയോഗിച്ചാണ് നിലവിൽ ദുരന്തഭൂമിയിൽ തെരച്ചിൽ നടത്തുന്നത്. 10 പേരടങ്ങുന്ന പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ വീട്ടുപറമ്പുകളിലും മറ്റും വിശദമായ പരിശോധന നടത്തും. തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്.
നിലവിൽ ലഭിച്ച 29 ശരീരഭാഗങ്ങളിൽ നിന്നും തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ നിന്നുമാണ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുള്ളത്. നാളെ മുതൽ ഇവയുടെ ഫലം ലഭ്യമായി തുടങ്ങും. ഇതോടെ കാണാതായവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?