സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നു; കോസ്റ്റ് ഗാര്‍ഡിന്‍റെ പ്രതികരണം ഇങ്ങനെ
ക്ഷേത്രത്തിലെ കൊടിമരത്തിന് തൊട്ടടുത്തായാണ് ഹെലികോപ്റ്റർ പറന്നത്
പത്തനംതിട്ട / കൊച്ചി: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് വലിയ ആശങ്കയ്ക്കും വിവാദങ്ങൾക്കും വഴിവെച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പൊലീസിനെ മുൻകൂട്ടി അറിയിക്കാതെ ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ കമ്മിഷണർ എഡിജിപിക്ക് നിർദ്ദേശം നൽകി.
ക്ഷേത്രത്തിലെ കൊടിമരത്തിന് തൊട്ടടുത്തായാണ് ഹെലികോപ്റ്റർ പറന്നത്. ഈ സമയം ഹെലികോപ്റ്ററിൽ നാലുപേർ ഉണ്ടായിരുന്നു. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ രംഗത്തെത്തി:
കൊച്ചിയിൽ നിന്ന് പതിവായി നടത്തുന്ന പരിശീലന പറക്കലിന്റെ ഭാഗമായിരുന്നു സി.ജി. 821 എന്ന ഹെലികോപ്റ്റർ. സാധാരണയായി 6,000 അടി ഉയരത്തിലാണ് ഇത് പറക്കാറുള്ളത്. ഉച്ചയ്ക്ക് 1.15-ഓടെ അന്തരീക്ഷം പെട്ടെന്ന് മേഘാവൃതമാവുകയും കാലാവസ്ഥ മോശമാവുകയും ചെയ്തതോടെ പൈലറ്റിന് ദിശ മാറ്റേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലെത്തിയത്.
കാലാവസ്ഥ മെച്ചപ്പെട്ട ഉടൻ തന്നെ ഹെലികോപ്റ്റർ കൊച്ചിയിലെ ബേസിലേക്ക് തിരികെ മടങ്ങിയതായും അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാതെ ഹെലികോപ്റ്റർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ചത് ഗൗരവമായാണ് സർക്കാർ കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷൽ കമ്മിഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
What's Your Reaction?