ചെന്നൈ: തമിഴ്‌നാട്ടിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും അവരുടെ സ്വവർഗ പങ്കാളിയും അറസ്റ്റിൽ. കുഞ്ഞിന്‍റെ മരണത്തിൽ സംശയം തോന്നി പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
തമിഴ്‌നാട് കൃഷ്ണ ഗിരിയിലാണ് സംഭവം നടന്നത്. ഈ മാസമാദ്യമാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മുലയൂട്ടുന്നതിനിടെ കുട്ടി മരിച്ചുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയില്ല.
കുഞ്ഞിന്റെ മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, അമ്മയും മറ്റൊരു സ്ത്രീയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കുഞ്ഞിന്റെ അച്ഛൻ കണ്ടെത്തിയിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിക്കുകയായിരുന്നു. ഇതിന് ശേഷം, പോസ്റ്റ്‌മോർട്ടത്തിനായി ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു.
തുടർന്ന് പുറത്തുവന്ന റിപ്പോർട്ടിൽ കുട്ടിയുടെ മരണ കാരണം ശ്വാസം മുട്ടിയാണെന്ന് വ്യക്തമാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ, ഭർത്താവിന്റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ഓ=ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.