ഇറാന്‍റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനേയി
ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒരു അധികാര കൈമാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പിൻഗാമിയായി മകൻ മൊജ്താബ ഹുസൈനി ഖമനേയിയെ തിരഞ്ഞെടുത്തു. ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒരു അധികാര കൈമാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് അലി ഖമനേയി കൊല്ലപ്പെട്ടത്.
പണ്ഡിത സഭയായ 'അസംബ്ലീസ് ഓഫ് എക്‌സ്‌പേർട്ട്' ആണ് മൊജ്താബയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. പിതാവിന്റെ നിഴലായി ഇത്രകാലം പ്രവർത്തിച്ച അദ്ദേഹം, ജനുവരിയിലെ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
പുതിയ നേതാവ് പൂർണ്ണമായി ചുമതലയേൽക്കുന്നത് വരെ ആയത്തൊള്ള അലിറെസ അറാഫി ഇടക്കാല നേതാവായി തുടരും. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉൾപ്പെട്ട സമിതിയാണ് നിലവിൽ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്.
ഖമനേയിയുടെ ഭൗതികശരീരം വിശുദ്ധ നഗരമായ മഷ്ഹദിൽ സംസ്‌കരിക്കും. ടെഹ്‌റാനിൽ വിപുലമായ അന്തിമോപചാര ചടങ്ങുകൾ നടക്കും. ഇറാൻ ആണവ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു എന്നാരോപിച്ച് ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഭാര്യയും മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇതുവരെ 700-ലധികം ആളുകൾ കൊല്ലപ്പെട്ടു. ഖമനേയിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ഗൾഫ് മേഖലയിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടു. ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചു. ചൊവ്വാഴ്ച ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപ്പിടിത്തമുണ്ടായി. ജീവനക്കാർ സുരക്ഷിതരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. ഹിസ്ബുള്ള കൂടി യുദ്ധത്തിൽ പങ്കുചേർന്നതോടെ ഇസ്രയേൽ ലെബനാനിലേക്ക് സൈന്യത്തെ അയച്ചിരിക്കുകയാണ്.
What's Your Reaction?