താമരശ്ശേരി ചുരം റോഡുവഴി ഭാരംകുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും
കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർസിങ്ങിന്‍റെ അധ്യക്ഷതയിൽച്ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡുവഴി ഭാരംകുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടാൻ തീരുമാനം. കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർസിങ്ങിന്‍റെ അധ്യക്ഷതയിൽച്ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
വ്യാഴാഴ്ചയും താമരശ്ശേരി ചുരം വ്യൂപോയിന്‍റിനുസമീപം മണ്ണിടിഞ്ഞിരുന്നു. തുടർന്ന്, ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കളക്ടർമാർ ഉത്തരവിട്ടിരുന്നു. എന്നാൽ, രാത്രിചേർന്ന യോഗത്തിനുശേഷമാണ് കോഴിക്കോട് കളക്ടർ നിയന്ത്രണം ഭാഗികമായി പിൻവലിച്ചത്. നേരത്തേ, റവന്യൂമന്ത്രി കെ. രാജൻ കോഴിക്കോട്, വയനാട് കളക്ടർമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗംവിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴോടെ പെയ്ത കനത്തമഴയ്ക്കിടെ മണ്ണിടിഞ്ഞഭാഗത്തുനിന്ന് പാറക്കല്ലുകളും മണ്ണുമെല്ലാം റോഡിലേക്ക് വീണ്ടും തെറിച്ചുവീണു. പിന്നീട്, ഉച്ചയ്ക്ക് രണ്ടരയോടെ ഇതേസ്ഥലത്ത് വലിയശബ്ദത്തോടെ വലിയൊരു മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് നിലയുറപ്പിച്ചിരുന്നവരെല്ലാം ഭയന്ന് ഇരുവശത്തേക്കും ഓടിമാറി. ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമെല്ലാം ഇവിടെനിന്ന് മാറ്റി. മഴ അല്പം മാറിനിന്നസമയത്ത് മണ്ണുമാന്തിയന്ത്രമെത്തിച്ച് അടിഞ്ഞ കല്ലുകളും മണ്ണും നീക്കംചെയ്ത് റോഡിലെ ഗതാഗതതടസ്സം നീക്കി.
What's Your Reaction?






