പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ; അഞ്ച് പേർ പുറത്തിറങ്ങി
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടപ്പരോൾ അനുവദിച്ചു. കേസിലെ ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ പരോൾ ലഭിച്ച് ജയിലിന് പുറത്തിറങ്ങി. രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവർ അടുത്ത ദിവസങ്ങളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങും. കനത്ത രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ 15 ദിവസത്തേക്കാണ് പ്രതികൾക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് പ്രതികൾക്കെല്ലാം പരോൾ ലഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കിയത്.
അതേസമയം, എല്ലാവിധ നിയമപരമായ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രതികൾക്ക് കൂട്ടപ്പരോൾ നൽകിയതെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ കുറ്റപ്പെടുത്തി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ പെരിയ കേസ് പ്രതികളുടെ കൂട്ടപ്പരോൾ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചേക്കും.
What's Your Reaction?

