മകനെ അപമാനിച്ചെന്ന് പരാതി; വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്ക് പാർട്ടി അനുമതി തേടി യു. പ്രതിഭ
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി മുൻ കായംകുളം എം.എൽ.എ യു. പ്രതിഭ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ മകനെ മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റിയിൽ പ്രതിഭ പാർട്ടിയുടെ അനുമതി തേടിയെങ്കിലും ജില്ലാ നേതൃത്വം നിലവിൽ അനുകൂലമായോ പ്രതികൂലമായോ മറുപടി നൽകിയിട്ടില്ല. വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായെന്നും, അദ്ദേഹത്തെ തിരുത്താതെയുള്ള കൂട്ടുകെട്ട് പാർട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്നും ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനമുയർന്നു. വെള്ളാപ്പള്ളിയുടെ നിലപാടുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയെന്നും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ വിജയിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും കമ്മിറ്റി വിലയിരുത്തി.
വെള്ളാപ്പള്ളിക്ക് പുറമെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെയും ഗുരുതര ആരോപണങ്ങളാണ് യു. പ്രതിഭ ഉയർത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ജി. സുധാകരൻ പലരെയും ഫോണിൽ വിളിച്ചതായി പ്രതിഭ തുറന്നടിച്ചു. അമ്പലപ്പുഴയിലും സുധാകരൻ സമാനമായ രീതിയിൽ പ്രവർത്തിച്ചുവെന്ന് കുറ്റപ്പെടുത്തിയ പ്രതിഭ, 'ഇയാൾ എന്താ കുട്ടിച്ചാത്തനാണോ' എന്നും ജില്ലാ കമ്മിറ്റിയിൽ ചോദിച്ചു. 2021-ൽ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും സുധാകരൻ വൻതോതിൽ പണം പിരിച്ചെന്നും ഈ കണക്കുകൾ പാർട്ടിക്ക് നൽകിയിട്ടില്ലെന്നും പ്രതിഭ ആരോപിച്ചു. പാർട്ടി ഈ വിവരങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെച്ചതിന്റെ പ്രതിഫലമാണ് സുധാകരൻ ഇപ്പോൾ കാണിക്കുന്നതെന്നും പ്രതിഭ ആഞ്ഞടിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചതുകൊണ്ടാണ് മറ്റ് നേതാക്കളും വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കാതിരുന്നതെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.
What's Your Reaction?

