തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ ആസ് ആർ ടി സി ബസിനു തീപിടിച്ചു. ആറ്റിങ്ങൽ മാമത്ത് വച്ചാണ് കെ എസ് ആർ ടി സ്വിഫ്റ്റ് ബസിന് തീ പിടിച്ചത്. ടയറിന് തീപിടിച്ച് ബസ്സ് ഭാഗികമായി കത്തി നശിച്ചു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്.
കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ താഴ്ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ ബസ് നിർത്തി ആൾക്കാരെ പുറത്തിറക്കുകയും ചെയ്തു. അതിനാൽ ആളപായം ഒന്നും ഉണ്ടായിട്ടില്ല. 36 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.