ജസ്‌ലിയയുടെ മരണം: പ്രതി ഡോ. സിറിയക്കിനെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ
അപകടത്തിന് ശേഷം സിറിയക് പിതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്
അങ്കമാലി: വിദ്യാർഥിനിയായ ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. സിറിയക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിൽ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് പിതാവിന്റെ അറസ്റ്റ്. അപകടത്തിന് ശേഷം സിറിയക് പിതാവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജോർജ് മാത്യുവിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 28-ന് അങ്കമാലി ടെൽക്ക് ജംക്‌ഷന് സമീപം വെച്ചാണ് പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുപോകുകയായിരുന്ന ജസ്‌ലിയയെ (മോണിങ് സ്റ്റാർ കോളജ് വിദ്യാർഥിനി) ഡോ. സിറിയക്ക് ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജസ്‌ലിയ മാർച്ച് 3-ന് മരണത്തിന് കീഴടങ്ങി. ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. അപകടത്തിന് ശേഷം കാർ ആലപ്പുഴ തുറവൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സിറിയക്കിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതിയുടെ കോട്ടയത്തെ വീട്ടിലും ഇടുക്കിയിലെ ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഡോ. സിറിയക്കിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. കാറിൽ സിറിയക്കിനൊപ്പമുണ്ടായിരുന്ന സഹപാഠി അക്ഷയ് കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ വരുത്തുന്ന കാലതാമസത്തിനെതിരെ ജസ്‌ലിയയുടെ കുടുംബം ശക്തമായ പ്രതിഷേധത്തിലാണ്.
What's Your Reaction?