നിപയെ തളയ്ക്കാൻ ജപ്പാൻ; പുതിയ വാക്സിൻ പരീക്ഷണം ഏപ്രിലിൽ ബെൽജിയത്തിൽ തുടങ്ങും
നിലവിൽ നിപയ്ക്ക് അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ നീക്കം ഏറെ പ്രതീക്ഷയേകുന്നതാണ്
ടോക്കിയോ: ലോകമെങ്ങും ഭീതി പടർത്തുന്ന നിപ വൈറസിനെ പ്രതിരോധിക്കാൻ പുതിയ വാക്സിനുമായി ജപ്പാനിലെ ടോക്യോ സർവകലാശാലയിലെ ഗവേഷകർ രംഗത്തെത്തി. മനുഷ്യരിലെ ക്ലിനിക്കൽ ട്രയൽ ഏപ്രിൽ മാസത്തിൽ ബെൽജിയത്തിൽ ആരംഭിക്കുമെന്ന് 'നിക്കെയ് ഏഷ്യ' (Nikkei Asia) റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നിപയ്ക്ക് അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ നീക്കം ഏറെ പ്രതീക്ഷയേകുന്നതാണ്.
മീസിൽസ് (അഞ്ചാംപനി) വൈറസിലേക്ക് നിപ വൈറസിന്റെ ജനിതക ഘടകങ്ങൾ ചേർത്താണ് ഈ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. വാക്സിൻ ശരീരത്തിലെത്തുന്നതോടെ നിപ വൈറസിന് സമാനമായ 'ആന്റിജെൻ പ്രോട്ടീൻ' ഉത്പാദിപ്പിക്കപ്പെടും. ഇത് നിപ വൈറസിനെ തിരിച്ചറിയാനും അതിനെതിരെ പോരാടാനും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്നു.
എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ സുരക്ഷിതമാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ബെൽജിയത്തിൽ നടക്കുന്ന ആദ്യഘട്ട പരീക്ഷണത്തിൽ 60 പേരെയാണ് ഉൾപ്പെടുത്തുന്നത്. ഇതിനോടകം രണ്ടാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്ന വാക്സിൻ പ്രക്രിയയിൽ 18 നും 55 നും ഇടയിൽ പ്രായമുള്ള 300 പേർ പങ്കാളികളാകും.
നിപ വൈറസ് ബാധിച്ചാൽ മരണനിരക്ക് വളരെ കൂടുതലാണ് (40% മുതൽ 75% വരെ). ലോകാരോഗ്യ സംഘടന (WHO) ഏറ്റവും അപകടകാരികളായ വൈറസുകളുടെ പട്ടികയിലാണ് നിപയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വാക്സിൻ പരീക്ഷണം വിജയിക്കുന്നത് ഭാവിയിലെ പകർച്ചവ്യാധി പ്രതിരോധത്തിൽ വലിയൊരു നാഴികക്കല്ലാകും.
What's Your Reaction?