ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു; കപ്പലിന് നേരെ വെടിവെപ്പ്; യുഎസ് ഉപരോധം ചർച്ചകളെ ബാധിക്കുന്നു
ഒമാൻ തീരത്തിന് സമീപം വെച്ചാണ് ടാങ്കർ കപ്പലിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഗൺബോട്ടുകൾ വെടിയുതിർത്തത്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനശ്രമങ്ങൾക്ക് കനത്ത ആഘാതമേൽപ്പിച്ച് ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം തുടരുന്നു. ഉപരോധം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇതിന് പിന്നാലെ മേഖലയിൽ കപ്പലിന് നേരെ വെടിവെപ്പുണ്ടായതോടെ സംഘർഷാവസ്ഥ അതീവ ഗുരുതരമായിരിക്കുകയാണ്.
ഒമാൻ തീരത്തിന് സമീപം വെച്ചാണ് ടാങ്കർ കപ്പലിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഗൺബോട്ടുകൾ വെടിയുതിർത്തത്. ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ച് മുന്നറിയിപ്പില്ലാതെ രണ്ട് ഗൺബോട്ടുകൾ ടാങ്കറിന് നേരെ വെടിവെച്ചതായി യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ലെബനൻ വെടിനിർത്തലിന് പിന്നാലെ ഹോർമുസ് തുറക്കാൻ ഇറാൻ തയ്യാറായെങ്കിലും യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തതിനെത്തുടർന്ന് 24 മണിക്കൂറിനകം തീരുമാനം മാറ്റി കടലിടുക്ക് വീണ്ടും അടയ്ക്കുകയായിരുന്നു. തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. യുറേനിയം കൈമാറ്റം ഉൾപ്പെടെയുള്ള അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും ഉപരോധവുമാണ് ഇതിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്.
ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 23 കപ്പലുകൾ തിരിച്ചയച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായേക്കും. ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണ് ഇപ്പോൾ ഈ പ്രദേശം.
What's Your Reaction?