'പ്രേമലു 2' ഉപേക്ഷിച്ചു; പകരമെത്തുന്നത് നിവിൻ പോളിയുടെ 'ബത്‌ലഹേം കുടുംബ യൂണിറ്റ്'
ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ദിലീഷ് പോത്തൻ പങ്കുവെച്ചു
തെന്നിന്ത്യൻ സിനിമാലോകത്ത് വൻ തരംഗമായി മാറിയ 'പ്രേമലു' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി നിർമ്മാതാവും സംവിധായകനുമായ ദിലീഷ് പോത്തൻ സ്ഥിരീകരിച്ചു. നസ്‌ലിൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഖ്യാപിച്ച 'പ്രേമലു 2' ന് പകരമായി നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ദിലീഷ് പോത്തൻ പങ്കുവെച്ചു. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്നും അടുത്ത ഷെഡ്യൂൾ ഗോവയിലായിരിക്കുമെന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.
'പ്രേമലു'വിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നസ്‌ലിൻ വളരെ കഴിവുള്ള അഭിനേതാവാണെന്നും, ഭാവന സ്റ്റുഡിയോസ് കണ്ടെത്തിയ പ്രതിഭയല്ലെങ്കിലും അവന്റെ പ്രകടനം മികച്ചതാണെന്നും ദിലീഷ് കൂട്ടിച്ചേർത്തു. ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തിയ 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സജിൻ ഗോപു എന്നിവരാണ് മറ്റ് താരങ്ങൾ.
What's Your Reaction?