തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ വഴിത്തിരിവ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ പോലീസ് കഥ മെനഞ്ഞുവെന്നുമാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ കണ്ടെത്തൽ. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
പരാതിക്കാരി ഓമനാ ഡാനിയലിന്റെ വീട്ടിനുള്ളിൽ നിന്ന് തന്നെയാണ് മാല കിട്ടിയത്. വീട്ടുടമയ്ക്ക് മറവി പ്രശ്നമുണ്ട്. വീട്ടിനുള്ളിൽ തന്നെയാണ് മാല വച്ചത്. എന്നാൽ മാല വീടിനു പുറത്ത് വേസ്റ്റ് കൂനയിൽ നിന്നാണ് കിട്ടിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
ദളിത് യുവതിയ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ് എച്ച് ഒ ശിവകുമാർ,ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെനും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പോലീസ് കേസെടുത്തത്.