എജ്ബാസ്റ്റണില്‍ ഇന്ത്യ ചരിത്രം തിരുത്തികുറിച്ചു; 337 റണ്‍സിന്‍റെ കൂറ്റന്‍ ജയം
ആദ്യ ഇന്നിങ്സിലെ നാലു വിക്കറ്റുകൾ കൂടി ചേരുമ്പോൾ ബർമിങ്ങാമിൽ 10 വിക്കറ്റുകളാണ് ആകാശ്ദീപ് എറിഞ്ഞുവീഴ്ത്തിയത്

ബർമിങ്ങാം: ഇംഗ്ലണ്ട് ബാറ്റർമാരെ തകർത്തെറിഞ്ഞ് എജ്ബാസ്റ്റണില്‍ 58 വര്‍ഷത്തെ പകരംവീട്ടി ഇന്ത്യ. ബോളർമാരുടെ കരുത്തിലാണ് ഇന്ത്യ ചരിത്ര വിജയം കൈവരിച്ചത്. 337 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഡബിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുഞ്ചറിയും സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണു കളിയിലെ താരം. അവസാനദിനത്തിന്റെ ആദ്യ സെഷനിൽ കുറച്ചു നേരം കളി മുടങ്ങിയെങ്കിലും വിജയം ഇന്ത്യയ്ക്കൊപ്പമായി. ജസ്പ്രീത് ബുമ്രയ്ക്കു പകരം ടീമിലെത്തിയ പേസർ ആകാശ്ദീപ് രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റുകൾ വീഴ്ത്തി കളി പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ നാലു വിക്കറ്റുകൾ കൂടി ചേരുമ്പോൾ ബർമിങ്ങാമിൽ 10 വിക്കറ്റുകളാണ് ആകാശ്ദീപ് എറിഞ്ഞുവീഴ്ത്തിയത്. 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 271 റൺസെടുത്തു പുറത്തായി.
99 പന്തിൽ 88 റൺസെടുത്ത ജെയ്മി സ്മിത്താണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ജെയ്മി സ്മിത്ത് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ നിറംമങ്ങി. ഒലി പോപ് (50 പന്തിൽ 24), ഹാരി ബ്രൂക്ക് (32 പന്തിൽ 23), ബെന്‍ സ്റ്റോക്സ് (73 പന്തിൽ 33), ക്രിസ് വോക്സ് (ഏഴ്), ബ്രൈഡൻ കാഴ്സ് (48 പന്തിൽ 38), ജോഷ് ടോങ് (രണ്ട്) എന്നിവരാണ് അവസാനദിനം പുറത്തായ മറ്റ് ഇംഗ്ലണ്ട് ബാറ്റർമാർ. മഴ കാരണം ഒരു മണിക്കൂറിലേറെ വൈകിയാണ് അഞ്ചാം ദിവസത്തെ കളി തുടങ്ങിയത്. ഒലി പോപിനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കി പേസർ ആകാശ് ദീപാണ് അവസാന ദിനം ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകിയത്.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റു വിജയമാണു നേടിയത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 1–1 എന്ന നിലയിലായി. മൂന്നാം ടെസ്റ്റ് ജൂലൈ പത്തിന് ലോഡ്സ് സ്റ്റേഡിയത്തിൽ ആരംഭിക്കും.
What's Your Reaction?






