ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ദർശനത്തിന് അവസരം പരമാവധി 75,000 പേർക്ക്
നിലവിലെ കണക്കനുസരിച്ച് ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്
പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. സന്നിധാനത്ത് ദർശനത്തിനായി ഭക്തർക്ക് 12 മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. നിലവിലെ കണക്കനുസരിച്ച് ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ പ്രതിദിനം പരമാവധി 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം.
സ്പോട്ട് ബുക്കിങ് തിങ്കളാഴ്ച വരെ 5,000 ആയി ചുരുക്കി. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം കർശനമായി നടപ്പാക്കാൻ നിർദ്ദേശിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ മുന്നൊരുക്കങ്ങൾ ഇല്ലാതിരുന്നതിനെ ഹൈക്കോടതി ഇന്ന് വീണ്ടും രൂക്ഷമായി വിമർശിച്ചു.
ഒരുക്കങ്ങൾ ആറ് മാസങ്ങൾക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്നും, എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. ഇന്നലെ (നവംബർ 19, ബുധനാഴ്ച) 80,615 പേർ ദർശനം നടത്തിയെങ്കിലും തിരക്ക് നിയന്ത്രിച്ച രീതിയിൽ വീഴ്ചയുണ്ടായെന്നും കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയർന്നിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ, ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ദർശന സമയം ക്രമീകരിക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
What's Your Reaction?

