ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദ്ദിച്ച ശേഷം തീകൊളുത്തിയ ഹിന്ദു യുവാവ് മരിച്ചു
യാതൊരുവിധ പ്രകോപനവുമില്ലാതെയായിരുന്നു ഈ ക്രൂരകൃത്യം
ധാക്ക: ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദ്ദിച്ച ശേഷം തീകൊളുത്തിയ ഹിന്ദു യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ശരിയത്ത്പൂർ സ്വദേശിയായ ഖോകോൺ ചന്ദ്ര ദാസാണ് ധാക്കയിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. യാതൊരുവിധ പ്രകോപനവുമില്ലാതെയായിരുന്നു ഈ ക്രൂരകൃത്യം.
ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെ മെഡിസിൻ-മൊബൈൽ ബാങ്കിങ് സ്ഥാപനം നടത്തിവരികയായിരുന്നു ഖോകോൺ. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒരു സംഘം ഇദ്ദേഹത്തെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്.
മർദ്ദനത്തിന് ശേഷം അക്രമികൾ ഖോകോണിന്റെ തലയിലും മുഖത്തും പെട്രോൾ ഒഴിച്ച് തീകൊളുത്തി. പ്രാണരക്ഷാർത്ഥം സമീപത്തെ കുളത്തിലേക്ക് ചാടിയ ഇദ്ദേഹത്തെ നാട്ടുകാരനായ ഒരു മുസ്ലിം യുവാവാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ഖോകോണിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്നും എന്തിനാണ് ഇത്ര ക്രൂരമായി ആക്രമിച്ചതെന്ന് അറിയില്ലെന്നും ഭാര്യ സീമ പ്രതികരിച്ചു. മർദ്ദിച്ചവരിൽ രണ്ടുപേരെ ഖോകോൺ തിരിച്ചറിഞ്ഞിരുന്നതായും അവർ പറഞ്ഞു. മൂന്ന് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ബംഗ്ലാദേശ് പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കൊലപാതകം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
What's Your Reaction?