കേരളത്തിൽ ഉഷ്ണതരംഗ സമാനമായ സാഹചര്യം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
മാർച്ച് 26 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തും
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാർച്ച് 26 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തും. വായുവിൽ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂട് ഇതിലും കൂടുതലായിരിക്കും. പാലക്കാട്, കൊല്ലം 38°C വരെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ 37°C വരെ, തിരുവനന്തപുരം, മലപ്പുറം, കാസർകോട് 36°C വരെയാണ് താപനില.
പൊതുജനങ്ങൾ ശ്രദ്ധിക്കാൻ:
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം ഒഴിവാക്കാൻ ഒആർഎസ് (ORS), സംഭാരം തുടങ്ങിയവ ഉപയോഗിക്കാം.
നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ പുറംജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണം.
അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
What's Your Reaction?