"മാക്‌സിമം സിക്‌സടിക്കണം, തട്രോം തൂക്കറോം"; മഞ്ഞ ജേഴ്‌സിയിൽ സഞ്ജു സാംസൺ

മുൻ നായകൻ എം.എസ്. ധോണിയിൽ നിന്നാണ് സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങിയത്

Mar 22, 2026 - 21:46
Mar 22, 2026 - 21:46
 0
"മാക്‌സിമം സിക്‌സടിക്കണം, തട്രോം തൂക്കറോം"; മഞ്ഞ ജേഴ്‌സിയിൽ സഞ്ജു സാംസൺ

ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരുടെ മനം കവർന്ന് മലയാളി താരം സഞ്ജു സാംസൺ. സിഎസ്‌കെ താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ തമിഴ് പഞ്ച് ഡയലോഗിലൂടെയാണ് സഞ്ജു സ്റ്റേഡിയത്തെ ഇളക്കിമറിച്ചത്.

ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങളായ സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരെ ചടങ്ങിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആദരിച്ചു. മുൻ നായകൻ എം.എസ്. ധോണിയിൽ നിന്നാണ് സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഐപിഎല്ലിലെ ബാറ്റിംഗ് സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "മാക്‌സിമം സിക്‌സടിക്കണം, തട്രോം തൂക്കറോം" (നമ്മൾ തകർക്കുന്നു, തൂക്കുന്നു) എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. താരത്തിന്റെ തമിഴ് പ്രയോഗം വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ലളിതമായ ബാറ്റിംഗ് ശൈലി തുടരുമെന്നും പന്ത് നോക്കി പരമാവധി സിക്സറുകൾ അടിക്കാനാണ് ശ്രമമെന്നും സഞ്ജു വ്യക്തമാക്കി.

ചെന്നൈയുടെ മുൻ ഇതിഹാസ താരങ്ങളായ മാത്യു ഹെയ്ഡൻ, മൈക്ക് ഹസി, ഡ്വയ്ൻ ബ്രാവോ, മുത്തയ്യ മുരളീധരൻ, സുരേഷ് റെയ്‌ന തുടങ്ങിയവർ വീണ്ടും മഞ്ഞ ജേഴ്‌സിയിൽ ഗ്രൗണ്ടിലിറങ്ങിയത് ആരാധകർക്ക് ആവേശമായി. അണ്ടർ 19 ലോകകപ്പ് ജേതാവായ ഇന്ത്യൻ നായകൻ ആയുഷ് മാത്രെയെയും ചടങ്ങിൽ ആദരിച്ചു.

രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സഞ്ജുവിനെ 18 കോടി രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ഇതിനായി രാജസ്ഥാന് വിട്ടുനൽകിയിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പകരം സഞ്ജു എത്തുമ്പോൾ ചെന്നൈയുടെ ബാറ്റിംഗ് നിര കൂടുതൽ കരുത്താർജിക്കുമെന്നാണ് വിലയിരുത്തൽ. ധോണിയുടെ സാന്നിധ്യത്തിൽ സഞ്ജുവിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

What's Your Reaction?

like

dislike

love

funny

angry

sad

wow