കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ 'കവാസാക്കി' രോഗം; കൃത്യസമയത്തെ രോഗനിർണ്ണയം ജീവൻ രക്ഷിച്ചു

കൃത്യസമയത്ത് ചികിത്സ ലഭ്യമായതോടെ കുട്ടി പൂർണ്ണ ആരോഗ്യവതിയായി വീട്ടിൽ തിരിച്ചെത്തി

Mar 24, 2026 - 12:30
Mar 24, 2026 - 12:30
 0
കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ 'കവാസാക്കി' രോഗം; കൃത്യസമയത്തെ രോഗനിർണ്ണയം ജീവൻ രക്ഷിച്ചു

ഇടുക്കി: അപൂർവമായ 'കവാസാക്കി' (Kawasaki Disease) രോഗം ബാധിച്ച ഒന്നര വയസ്സുകാരിയെ കൃത്യമായ രോഗനിർണ്ണയത്തിലൂടെ കട്ടപ്പന സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ രക്ഷപെടുത്തി. കുന്തളംപാറ സ്വദേശികളായ ദമ്പതികളുടെ മകൾക്കാണ് ഈ അപൂർവ രോഗം സ്ഥിരീകരിച്ചത്.

സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണ്ണയം കോട്ടയം മെഡിക്കൽ കോളേജിലെയും ഇ.എസ്.ഐ ആശുപത്രിയിലെയും വിദഗ്ധ ഡോക്ടർമാർ ശരിവെച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമായതോടെ കുട്ടി പൂർണ്ണ ആരോഗ്യവതിയായി വീട്ടിൽ തിരിച്ചെത്തി.

എന്താണ് കവാസാക്കി രോഗം?

ജപ്പാൻകാരനായ ഡോ. ടോമി സാക്ക കവാസാക്കി കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്. രക്തപരിശോധനയിലൂടെയോ മറ്റ് ലാബ് ടെസ്റ്റുകളിലൂടെയോ ഈ രോഗം കണ്ടെത്താൻ കഴിയില്ല എന്നതാണ് ഇതിന്റെ പ്രധാന വെല്ലുവിളി. രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു മാത്രമേ നിഗമനത്തിൽ എത്താൻ കഴിയൂ.

പ്രധാന ലക്ഷണങ്ങൾ:

കാരണമില്ലാത്ത പനി: ചുമ, ജലദോഷം, വയറിളക്കം എന്നിവയില്ലാതെ തുടർച്ചയായി പനി വരിക.

കണ്ണുകൾ ചുവക്കുക: കണ്ണിൽ പീള കെട്ടാതെ തന്നെ ചുവപ്പ് നിറം വരിക.

ശരീരത്തിലെ മാറ്റങ്ങൾ: കഴുത്തിൽ വീക്കം (കുരുക്കൾ), കൈകാലുകളിൽ നീര്, ചുണ്ടും നാക്കും ചുവന്ന് തടിക്കുക.

അപകടസാധ്യതയും ചികിത്സയും:

പനി മൂർച്ഛിക്കുന്നത് ഹൃദയധമനികളുടെ പ്രവർത്തനത്തെ ബാധിക്കുകയും അവ പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥ.

അഞ്ചു ദിവസത്തെ പനി പൂർത്തിയാകുന്നതിന് മുൻപേ ലക്ഷണങ്ങൾ കണ്ട് ഡോക്ടർ കുട്ടിയെ കോട്ടയത്തേക്ക് റഫർ ചെയ്തു.

ഏകദേശം 60,000 രൂപ വിലവരുന്ന പ്രത്യേക ഇഞ്ചക്ഷൻ 12 മണിക്കൂർ സമയമെടുത്താണ് കുട്ടിക്ക് നൽകിയത്.

ഹൃദയത്തെ ബാധിക്കുന്നതിന് മുൻപേ മരുന്ന് നൽകാൻ കഴിഞ്ഞതിനാൽ കുട്ടി അപകടനില തരണം ചെയ്തു.

കുട്ടികളിൽ കാണുന്ന വിട്ടുമാറാത്ത പനിയും ഒപ്പം ശരീരം ചുവന്നു തടിക്കുകയും ചെയ്യുന്നത് കണ്ടാൽ ഉടൻ തന്നെ ഒരു പീഡിയാട്രീഷന്റെ സഹായം തേടേണ്ടതാണ്. കവാസാക്കി രോഗം നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow