സ്വത്ത് വിവരം മറച്ചുവച്ചെന്ന യുഡിഎഫിന്റെ പരാതി തള്ളി ;രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതി വരണാധികാരി തള്ളി. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ ബെംഗളൂരു കോറാമംഗലയിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ശബരീനാഥിന്റെയും കോൺഗ്രസിന്റെയും പരാതി. ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്. ബെംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. തുടർന്ന് പത്രിക മാറ്റിവെയ്ക്കുകയായിരുന്നു.
അതേസമയം, വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് കഴിയില്ലെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചു. പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ടുപോകാമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് പത്രിക സ്വീകരിച്ചത്.
ഫോം 26-ൽ തെറ്റില്ലെന്നും ഇതിൽ ആരോപണങ്ങളുണ്ടെങ്കിൽ കോടതിയിലാണ് ചോദ്യംചെയ്യേണ്ടതെന്നും ബിജെപി ഭാരവാഹികൾ പറഞ്ഞു. പത്രികയിൽ ഒരുതെറ്റില്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.
നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രതികരിച്ചിരുന്നു.
What's Your Reaction?