'ലീഡർ ജീവിച്ചിരുന്നെങ്കിൽ ബി.ജെ.പിയിൽ വന്നേനെ'; കോൺഗ്രസിൽ അച്ഛൻ മടുത്തിരുന്നു; പത്മജ വേണുഗോപാൽ
കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച തൃശൂരിൽ ഇത്തവണ താമര ചിഹ്നത്തിലാണ് പത്മജ വോട്ട് ചോദിക്കുന്നത്
തൃശൂർ: തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബിജെപിയിൽ ചേരുമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. പിതാവിന്റെ അനുഗ്രഹം എപ്പോഴും തനിക്കൊപ്പമുണ്ടെന്നും തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പത്മജ പറഞ്ഞു.
കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച തൃശൂരിൽ ഇത്തവണ താമര ചിഹ്നത്തിലാണ് പത്മജ വോട്ട് ചോദിക്കുന്നത്. ബിജെപിയിലെ പാർട്ടി പ്രവർത്തകർ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിക്കൊള്ളുമെന്നും തനിക്ക് വലിയ ടെൻഷനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പത്മജ ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ തമ്മിലടി പരിഹരിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ബിജെപിയിൽ പ്രവർത്തകർ പറയുന്ന വഴിയിൽ പോയാൽ മതി, അവർ എല്ലാം ഭംഗിയായി നടത്തിക്കോളും. ടെൻഷനില്ലാതെ ഉറങ്ങാൻ കഴിയുന്ന അവസ്ഥയാണിവിടെയുള്ളതെന്നും അവർ പറഞ്ഞു.
കെ. കരുണാകരൻ മക്കളുടെ തീരുമാനങ്ങളിൽ ഇടപെടാറില്ല. മുമ്പ് പാർട്ടി പിളർന്നപ്പോൾ ഒരിക്കലും ചേരില്ലെന്ന് കരുതിയ എൽഡിഎഫുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിൽ അദ്ദേഹം അത്രയേറെ മടുത്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ബിജെപിയിൽ വരുമായിരുന്നു എന്ന് തനിക്ക് തോന്നുന്നതെന്നും പത്മജ വ്യക്തമാക്കി.
"ലീഡറുടെ മോളല്ലേ, പത്മേച്ചിക്ക് ഒരു വോട്ട്" എന്നാണ് വോട്ടർമാർ പറയുന്നത്. ഇത് വലിയ പോസിറ്റീവ് ആയ കാര്യമാണെന്ന് അവർ വിലയിരുത്തുന്നു. രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളും രണ്ടായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പത്മജ പറഞ്ഞു. തന്റെ പാർട്ടി ജയിക്കണമെന്നാണ് ആഗ്രഹം. എങ്കിലും സഹോദരൻ (കെ. മുരളീധരൻ) തോൽക്കണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോ എന്ന് അവർ ചോദിച്ചു.
കോൺഗ്രസിൽ കെ. മുരളീധരന് അർഹമായ നീതി ലഭിക്കുന്നില്ല. പിതാവും സഹോദരനും മുൻപ് പാർട്ടി വിട്ടപ്പോഴും താൻ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. എന്നിട്ടും തന്നെ ദ്രോഹിക്കാനാണ് പാർട്ടി ശ്രമിച്ചതെന്ന് പത്മജ വേണുഗോപാൽ കുറ്റപ്പെടുത്തി.
What's Your Reaction?