ആലപ്പുഴ ജില്ല ഇനി ക്ലീന്‍; എക്സൈസിന്‍റെ ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്'
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ മൂന്ന് കിലോ കഞ്ചാവും 75 മില്ലി ഗ്രാം മെറ്റാംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്.

ആലപ്പുഴ: വർധിച്ചു വരുന്ന ലഹരിമരുന്നു വ്യാപനം തടയാൻ സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ജില്ലയിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു. ചേർത്തലയിൽ നടത്തിയ പരിശോധനയിൽ 18 വയസുള്ള യുവാവിൻ്റെയും ഒപ്പമുണ്ടായിരുന്ന 18 വയസ്സിനു താഴെയുള്ള കുട്ടിയുടെയും കയ്യിൽ നിന്ന് ഒരു കിലോ 800 ഗ്രാം കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ മൂന്ന് കിലോ കഞ്ചാവും 75 മില്ലി ഗ്രാം മെറ്റാംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ബസുകളിലും ആർ പി എഫുമായി സഹകരിച്ച് ജില്ലയിലൂടെ കടന്നു പോകുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. യുവാക്കൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും പോലീസുമായി സഹകരിച്ച് പരിശോധന നടത്തും. ജില്ലയിലേക്ക് ലഹരി ഉൽപ്പന്നങ്ങൾ എത്തിക്കുന്നത് തടയുകയാണ് ലക്ഷ്യം.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മാർച്ച് അഞ്ചിന് ആരംഭിച്ച പരിശോധന 12 വരെ തുടരും. പൊതുജനങ്ങൾക്ക് ലഹരി മരുന്നുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിന് 04772252049,18004252696 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?






