ബെംഗളുരു: എഞ്ചിനിയറിങ് കോളേജിലെ ശുചിമുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി. സീനിയർ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ജൂനിയർ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികളുടെ ശുചിമുറിയിൽവെച്ചാണ് സംഭവം നടന്നത്. ബെംഗളുരു ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലായിരുന്നു സംഭവം.
പ്രതി 21കാരന്‍ ജീവന്‍ ഗൗഡയെ പോലീസ് പിടികൂടി. കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയെയാണ് 21കാരൻ പീഡിപ്പിച്ചത്. ഒക്ടോബർ 10 നാണ് സംഭവം നടന്നത്. യുവാവിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രാവിലെ കോളേജില്‍ എത്തിയ പെണ്‍കുട്ടിയെ ഉച്ചക്ക് കാണണമെന്ന് ജീവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം കോളേജിലെ ഏഴാം നിലയിലെ ആര്‍ക്കിടെക്ച്ചര്‍ ബ്ലോക്കില്‍ എത്തിയ പെണ്‍കുട്ടിയെ ചുംബിക്കാന്‍ യുവാവ് ആദ്യം ശ്രമം നടത്തി.
ഇത് തടഞ്ഞ വിദ്യാർഥിനിയെ ഇയാൾ നിർബന്ധിച്ച് പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും വാതിൽ പൂട്ടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് 1.30-നും 1.50-നും ഇടയിലാണ് സംഭവം നടന്നത്. ഒക്ടോബർ 15 നാണ് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്.