ഇന്ത്യക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്ന് യുഎഇ; മോദിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് ഹംദാന്‍
ഇന്ത്യ - യുഎഇ സമഗ്ര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ദുബായ് പ്രധാന പങ്കുവഹിക്കുന്നതായി മോദി സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ - യുഎഇ സമഗ്ര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ദുബായ് പ്രധാന പങ്കുവഹിക്കുന്നതായി മോദി സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ശൈഖ് ഹംദാന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദത്തെ വീണ്ടും ഉറപ്പിക്കുന്നെന്നും ഭാവിയിൽ കൂടുതൽ ശക്തമായ സഹകരണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലുള്ള സഹകരണവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും ചർച്ചയിൽ വിഷയമായി. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മുംബൈയിൽ നിരവധി വ്യവസായ പ്രമുഖരുമായും കിരീടാവകാശി ചർച്ച നടത്തി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഘോയലിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ നടന്നത്. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നൽകിയ സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്തു. ദുബായിലെ സാധ്യതകൾ ഇന്ത്യൻ വ്യവസായികൾ കൂടുതൽ ഉപയോഗപ്രദമാക്കണമെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടി. ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
What's Your Reaction?






