ജയ്പൂർ: ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് നടപടി. താല്‍ക്കാലിക ജീവനക്കാരനാണ് പിടിയിലായത്.
ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ചിലെ ഡി ആർ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജരായിരുന്ന മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്. ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളാണ് മഹേന്ദ്ര ചോര്‍ത്തി നല്‍കിയത്. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സംഭവം നടന്നത്.
പോലീസ് സിഐഡി (സുരക്ഷ) ഇന്‍റലിജൻസ് ആണ് അറസ്റ്റ് ചെയ്തത്. മഹേന്ദ്ര പ്രസാദിന് പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇയാൾ പാക് ഇന്‍റലിജൻസ് ഏജന്‍റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയുടെ പ്രതിരോധ മേഖലയെ കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നുമാണ് കണ്ടെത്തൽ. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി പരിചയപ്പെട്ടത്.