പൊതുവിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തും : സ്പീക്കര്‍ എ.എന്‍.ഷംസീര്‍
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുകയെന്ന തീവ്ര യജ്ഞത്തിന്റെ ഭാഗമായിട്ടാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതെന്ന് നിയമസഭ സ്പീക്കര്‍ എ. എന്‍ ഷംസീര്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെയും സംസ്ഥാനതല ശില്‍പശാലയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
2016ല്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ വിദ്യാലയങ്ങളിലെത്തുന്ന ഓരോ കുട്ടിയുടെയും സമഗ്രമായ വികാസം ലക്ഷ്യമിട്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളെ വര്‍ത്തമാനകാലത്തിനനുസൃതമായി ഒരുക്കുന്നതിന് വേണ്ടിയാണ് പൊതുവിദ്യാഭ്യാസവകുപ്പ് 'സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി' ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി യോഗത്തിന് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാലയങ്ങളിലെ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ പരീക്ഷാ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനു ശേഷം വീടുകളില്‍ കൊടുത്തുവിടുകയും അവ രക്ഷാകര്‍ത്താക്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പൊതുവിദ്യാഭ്യാസ മേഖലയെ മികവിലേക്ക് ഉയര്‍ത്തുന്നതിനായി വകുപ്പ് ആരംഭിച്ച ജനകീയ പദ്ധതിയായ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ജനകീയ പങ്കാളിത്തത്തോടുകൂടി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ എട്ടര വര്‍ഷത്തിനിടയില്‍ അയ്യായിരം കോടി രൂപയുടെ നിക്ഷേപം വിദ്യാഭ്യാസ മേഖലയില്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തില്‍ മികച്ച നിലവാരം സൃഷ്ടിക്കാന്‍ കഴിഞ്ഞു. മികച്ച സൗകര്യമുള്ള ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കളിസ്ഥലങ്ങള്‍ എന്നിവയെല്ലാം സജ്ജീകരിച്ചു. ഏതാണ്ട് എല്ലാ ക്ലാസ് മുറികളും സാങ്കേതികവിദ്യാ സൗഹൃദമായി മാറ്റി. പല വിദ്യാലയങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും വലിയ പിന്തുണ ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതിനു പിന്നാലെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.
10 വര്‍ഷത്തിലധികമായി നടക്കാതിരുന്ന പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന് തീരുമാനമായി. അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും വകുപ്പിന് കഴിയും. കഴിഞ്ഞ വര്‍ഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ ഇരുന്നൂറ്റിയൊന്ന് ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുകയും സ്‌കൂള്‍ തുറക്കുന്നതിന് ഒന്നരമാസങ്ങള്‍ക്ക് മുമ്പേ പുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കുവാനും കഴിഞ്ഞു.
ഈ വര്‍ഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ ഇരുന്നൂറ്റിയഞ്ച് ടൈറ്റില്‍ പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകം തന്നെ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. മെയ് ആദ്യവാരം തന്നെ നമ്മുടെ പുതുക്കിയ പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജഗതിയിലെ ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






