താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം; 13 വാഹനങ്ങള്‍ തകര്‍ന്നു
ഒന്‍പത് ലോറികൾ, ഒരു ഓട്ടോറിക്ഷ, മൂന്ന് ബൈക്കുകൾ എന്നിവ ഉൾപ്പെടെ 13 വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ വലിയ നാശനഷ്ടം. 9 ലോറികളുൾപ്പെടെ 13 വാഹനങ്ങൾ തകർന്നു. ഫാക്ടറിക്ക് മുന്നിൽ യുദ്ധസമാനമായ കാഴ്ചകളാണ് അരങ്ങേറിയത്.
ഒന്‍പത് ലോറികൾ, ഒരു ഓട്ടോറിക്ഷ, മൂന്ന് ബൈക്കുകൾ എന്നിവ ഉൾപ്പെടെ 13 വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ ആറ് ലോറികളും മറ്റ് വാഹനങ്ങളും പൂർണമായി കത്തിനശിച്ചു. മൂന്ന് ലോറികൾ ഉൾപ്പെടെ നാല് വാഹനങ്ങൾ എറിഞ്ഞും അടിച്ചും തകർത്തു.
ഫാക്ടറിയിൽ പടർന്ന തീ നാല് മണിക്കൂറിന് ശേഷം മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി പൂർണ്ണമായും അണച്ചു. സംഘർഷത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തി. ഇതിനെ തുടർന്ന് ചില പഞ്ചായത്തുകളിലെ വാർഡുകളിൽ നാളെ (ബുധനാഴ്ച) ഭാഗിക ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓമശ്ശേരി പഞ്ചായത്ത്: വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശ്ശേരി പഞ്ചായത്ത്: വെഴുപ്പൂർ, കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്ത്: മൈക്കാവ്, കരിമ്പാലക്കുന്ന്. കൊടുവള്ളി മുനിസിപ്പാലിറ്റി: പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.
What's Your Reaction?

