ശരീരഭാരം കുറയ്ക്കാം, ചിയ വിത്തും ജീരക വെള്ളവും
ജീരകവെള്ളം പണ്ടു മുതലേ നമ്മുടെ ദിനചര്യയുടെ ഭാഗമായിരുന്നെങ്കിൽ, ചിയ വിത്തുകൾ സമീപകാലത്താണ് ഭക്ഷണക്രമത്തിൽ പ്രചാരത്തിലായത്

ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. മിക്ക വെയിറ്റ് ലോസ് ഡയറ്റുകളിലും പൊതുവായി കാണപ്പെടുന്ന രണ്ട് പ്രധാന പാനീയങ്ങളാണ് ചിയ സീഡ് വാട്ടറും ജീരക വെള്ളവും (Cumin water). ഇവ രണ്ടും ദഹനത്തിനും മെറ്റബോളിസം വർധിപ്പിക്കാനും മികച്ചതാണ്.
ജീരകവെള്ളം പണ്ടു മുതലേ നമ്മുടെ ദിനചര്യയുടെ ഭാഗമായിരുന്നെങ്കിൽ, ചിയ വിത്തുകൾ സമീപകാലത്താണ് ഭക്ഷണക്രമത്തിൽ പ്രചാരത്തിലായത്. ഇവ രണ്ടിൽ ഏതാണ് ഭാരം കുറയ്ക്കാൻ കൂടുതൽ ഫലപ്രദമെന്ന ചോദ്യത്തിന്, അത് നിങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങളെയും മുൻഗണനകളെയും ആശ്രയിച്ചിരിക്കും.
ജീരക വെള്ളം- ജീരകം ശരീരത്തിൽ പ്രവർത്തിക്കുന്നത് പ്രധാനമായും ദഹനത്തെ ഉത്തേജിപ്പിച്ചുകൊണ്ടാണ്. ആൻ്റിഓക്‌സിഡൻ്റുകളും ഇരുമ്പിൻ്റെ അംശവും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ ഉത്തേജിപ്പിക്കുകയും കലോറി കുറവായതിനാൽ ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബ്ലോട്ടിങ് (വയറുവീർക്കൽ) പോലുള്ള അവസ്ഥകൾ ഒഴിവാക്കാൻ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലത്. ജീരകം വെള്ളത്തിൽ തിളപ്പിച്ച ശേഷം കുടിക്കാവുന്നതാണ്.
ചിയ സീഡ് വാട്ടർ (Chia Seed Water)- ചിയ വിത്തുകൾ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലൂടെയാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ (ഫൈബർ), പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്.
ഉയർന്ന നാരുകളുടെ അളവ് കാരണം ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നലുണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. പേശി വളർച്ചയ്ക്ക് ചിയ വിത്തുകളാണ് കൂടുതൽ ഗുണകരം. ചിയ വിത്തുകൾ വെള്ളത്തിൽ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും കുതിർത്ത ശേഷം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
What's Your Reaction?






