തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ വിമാനം തിരികെ പറക്കും. വിമാനം അടുത്തയാഴ്‌ച തിരുവനന്തപുരത്ത് നിന്ന് പറത്തിക്കൊണ്ടുപോകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെ തകരാറാണ് പരിഹരിച്ചത്. ബ്രിട്ടൻ നാവികസേന ടെക്നിക്കൽ ടീമിലെയും വിമാന നിർമ്മാണ കമ്പനിയിലെയും 24 അംഗസംഘമാണ് ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയത്.
സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടർന്നാണ് ജൂൺ 14ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിലാണ് യുദ്ധ വിമാനം.