മണിപ്പൂരിൽ വീണ്ടും സംഘർഷം: കുക്കി ഗ്രാമത്തിലെ ആക്രമണത്തിൽ മൂന്ന് മരണം
ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ കുക്കി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമത്തിൽ നടന്ന സായുധ ആക്രമണത്തിൽ ദമ്പതികളുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ലോയ്‌ബോൽ ഖുള്ളർ ഗ്രാമത്തിലായിരുന്നു ആക്രമണം. അജ്ഞാതരായ തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ലെറ്റ്‌ഹോങ്ഗം ഹാക്കിപ് (34), ഭാര്യ ടിൻമാരി ഹാക്കിപ് (30), ജങ്മിൻലാൻ ഹാക്കിപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ അക്രമികൾ ഗ്രാമത്തിലെ ഏഴ് വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നിൽ നാഗ സായുധ സംഘങ്ങളാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ കുക്കി വിഭാഗങ്ങളുടെ സംഘടനയായ കുക്കി ഇൻപി മണിപ്പൂർ ശക്തമായി അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണവും വീടുകൾ നശിപ്പിക്കുന്ന നടപടികളും ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഏതൊരു കാരണത്തിന്റെ പേരിലായാലും സാധാരണ ജനങ്ങൾക്കെതിരായ ആക്രമണങ്ങൾ ന്യായീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ആഴ്ചയായി 14 കുക്കി ഗ്രാമവാസികളെ നാഗ ഗ്രൂപ്പുകൾ തടവിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അതേസമയം, ആറ് നാഗ യുവാക്കളെ കുക്കി വിഭാഗക്കാർ തട്ടിക്കൊണ്ടുപോയതായും ആരോപണമുണ്ട്. ഈ സംഘർഷഭരിത സാഹചര്യത്തിനിടെയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്.
What's Your Reaction?



