സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം തുടരുന്നതിനിടെ പുതിയ വാഹനങ്ങൾക്കായി സർക്കാർ 77 ലക്ഷം രൂപ ചെലവഴിക്കാനൊരുങ്ങുന്നു

26,000 ആശാ തൊഴിലാളികളുടെ വേതന വർദ്ധനവ് ആവശ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ നിരന്തരം നിരസിക്കുന്ന സാഹചര്യത്തിലാണ് 77 ലക്ഷം രൂപയുടെ കാറുകൾ വാങ്ങാനായി സർക്കാരിന്റെ നീക്കം.

Mar 9, 2025 - 12:19
Mar 9, 2025 - 15:55
 0  28
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം തുടരുന്നതിനിടെ പുതിയ വാഹനങ്ങൾക്കായി സർക്കാർ 77 ലക്ഷം രൂപ ചെലവഴിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: ധനകാര്യ വകുപ്പിനായി ഏഴ് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. 26,000 ആശാ തൊഴിലാളികളുടെ വേതന വർദ്ധനവ് ആവശ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ നിരന്തരം നിരസിക്കുന്ന സാഹചര്യത്തിലാണ് 77 ലക്ഷം രൂപയുടെ കാറുകൾ വാങ്ങാനായി സർക്കാരിന്റെ നീക്കം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്.

ഫെബ്രുവരി 19 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്. 8.80 ലക്ഷം രൂപ വീതം വില വരുന്ന മൂന്ന് മാരുതി സിയാസ് സ്മാർട്ട് ഹൈബ്രിഡ് കാറുകൾ, 8.65 ലക്ഷം രൂപ വിലവരുന്ന നാല് മാരുതി എർട്ടിഗ സ്മാർട്ട് ഹൈബ്രിഡ് വാഹനങ്ങൾ എന്നിവ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. 

ധനകാര്യ വകുപ്പിന്റെ ഏഴ് വാഹനങ്ങൾ കഴിഞ്ഞ വർഷം ഡിസംബറിൽ 15 വർഷം പൂർത്തിയാക്കിയതായും കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് അവ റദ്ദാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. എന്നാൽ കോവിഡ് കാലത്തെ ചിലവ് ചുരുക്കൽ നയ പ്രകാരം ജി.ഒ (പി) നമ്പർ 152/2020/ഫിനാൻസ് ഓർഡറിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പുതിയ വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചിരുന്നു.

ധനവകുപ്പാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ വകുപ്പ് തന്നെ അവരുടെ ആവശ്യങ്ങൾക്കായി നിയമങ്ങൾ കാറ്റിൽ പറത്തിയിരിക്കുന്നതെന്നാണ്  ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളിൽ നിന്നുള്ള സമാനമായ അഭ്യർത്ഥനകൾ ധനകാര്യ വകുപ്പ് നിരസിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഹന വാങ്ങൽ ചെലവ് കുറയ്ക്കുക എന്നത് ധനകാര്യ വകുപ്പിന്റെ സ്വന്തം നയപരമായ മുൻഗണനകളിൽ ഒന്നായിരുന്നു. 2020 ലെ സംസ്ഥാന ബജറ്റിൽ, സർക്കാർ വകുപ്പുകൾ വാഹനങ്ങൾ വാങ്ങുന്നതിനുപകരം വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിലേക്ക് മാറുമെന്ന് അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.

വൈദ്യുത വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് കേന്ദ്ര സർക്കാർ ഏജൻസിയായ ഇ.ഇ.എസ്.എല്ലുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ 1,000 വാഹനങ്ങൾക്ക് 7.5 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നും ഇത് 1,500 കോടി രൂപയുടെ അനാവശ്യ ചെലവ് തടയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ നയങ്ങൾ എല്ലാം തകിടം മറിച്ചാണ് ധനവകുപ്പിന്റെ പുതിയ നീക്കം. 

What's Your Reaction?

like

dislike

love

funny

angry

sad

wow