തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചെന്നാണ് ആരോപണം. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്.
ആശുപത്രിയിൽ നിന്ന് അണുബാധയേറ്റതാണ് ശിവപ്രിയയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്ന് ഉച്ചയോടു കൂടിയാണ് ശിവപ്രിയ മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. തുടർന്ന് മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു.
നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. കഴിഞ്ഞ 13 ദിവസമായി തിരുവനന്തപുരം മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടുകൂടിയാണ് മരണം സംഭവിച്ചത്. ബ്ലഡ് കൾച്ചറിലാണ് ഇൻഫക്ഷൻ എന്ന് കണ്ടെത്തയത്.
സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. പ്രസവത്തിനുശേഷം ക്ലീനിങ് ചെയ്യാതെയാണ് സ്റ്റിച്ചിട്ടതെന്നും ഉത്തരവാദികളായ ഡോക്ടർമാരെ പുറത്താക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം എസ്എടി ആശുപത്രി അധികൃതര്‍ ആരോപണം പാടെ നിഷേധിക്കുകയാണ്.