ഡൽഹി: വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്തരം ഒരു നടപടി. മാത്രമല്ല ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി പാക് ഡ്രോൺ കണ്ടിരുന്നു. ഇതേ തുടർന്നാണ് ഈ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചത്.
രണ്ട് വിമാനക്കമ്പനികളും സർവീസ് റദ്ദാക്കുന്നത് സംബന്ധിച്ച പുതിയ അറിയിപ്പുകൾ ഇന്ന് രാവിലെ പുറത്തിറക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. അതുപോലെ ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ഇൻഡിയോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ വിമാനത്തിന്റെ നില പരിശോധിക്കണമെന്ന് ഇന്റിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എയർ ഇന്ത്യ അറിയിച്ചു.