നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ
പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകൾ ഹാജരാക്കിയിട്ടും കോടതി അവ വിശ്വസിച്ചില്ല
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ. എട്ടാം പ്രതി ദിലീപിനെ ഉൾപ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്ന് സർക്കാർ ആരോപിക്കുന്നു. വിചാരണ കോടതി അവഗണിച്ച നിർണ്ണായക തെളിവുകളെക്കുറിച്ച് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകൾ ഹാജരാക്കിയിട്ടും കോടതി അവ വിശ്വസിച്ചില്ല. ആറ് വ്യത്യസ്ത സ്ഥലങ്ങളിൽ ഇവർ തമ്മിൽ കണ്ടുമുട്ടിയതിന് തെളിവുണ്ടായിരുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനി ദിലീപിന് അയച്ച കത്ത് കോടതി തള്ളിക്കളഞ്ഞത് തെറ്റായ നടപടിയാണെന്ന് സർക്കാർ വാദിക്കുന്നു.
പീഡന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയതിന് നിർണ്ണായക തെളിവുകൾ ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ വിവരണം ഇതിന് തെളിവാണ്. ദൃശ്യങ്ങൾ മണിക്കൂറുകളോളം കാണാതെ ഇത്ര വിശദമായി എഴുതിയെടുക്കാൻ സാധിക്കില്ല. ഇക്കാര്യം വിചാരണ കോടതി പൂർണ്ണമായും അവഗണിച്ചു.
കേസിലെ പല നിർണ്ണായക സാക്ഷികളെയും അവരുടെ മൊഴികളെയും വിശ്വാസത്തിലെടുക്കാൻ കോടതി തയ്യാറായില്ലെന്നും അപ്പീലിൽ പറയുന്നു. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധന വേണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
What's Your Reaction?