കാൻസർ രോഗികളിലെ ശരീരഭാരം കുറയൽ: കാരണമാകുന്നത് തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയ തകരാറെന്ന് പഠനം
ഇസ്രായേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റിയും സംയുക്തമായാണ് ഈ പഠനം നടത്തിയത്
കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് പെട്ടെന്നുള്ള ശരീരഭാരം കുറയൽ. കാഷെക്സിയ എന്ന് വിളിക്കപ്പെടുന്ന ഈ ഗുരുതരമായ അവസ്ഥയെക്കുറിച്ച് പുതിയ പഠനവിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇസ്രായേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റിയും സംയുക്തമായാണ് ഈ പഠനം നടത്തിയത്.
എന്താണ് കാഷെക്സിയ?
ശരീരത്തിലെ പേശികളും കൊഴുപ്പും അമിതമായി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. മൂന്നിലൊന്ന് കാൻസർ രോഗികളിലും ഈ അവസ്ഥ കാണപ്പെടുന്നു. പാൻക്രിയാറ്റിക്, ശ്വാസകോശ അർബുദം ബാധിച്ചവരിൽ ഇത് വളരെ കൂടുതലായി കാണപ്പെടുന്നു. ഇത് രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയും മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും കാൻസർ രോഗികളെ മരണത്തിലേക്ക് നയിക്കുന്നതിൽ കാഷെക്സിയ പ്രധാന പങ്കുവഹിക്കുന്നു.
തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടാകുന്ന തകരാറാണ് ഈ അവസ്ഥയ്ക്ക് പിന്നിലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിനെയും കരളിനെയും ബന്ധിപ്പിക്കുന്ന വാഗസ് നാഡി (Vagus nerve) കരളിന്റെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്.
കാൻസർ കോശങ്ങൾ ഉണ്ടാക്കുന്ന വീക്കം കാരണം വാഗസ് നാഡിയിലൂടെയുള്ള സിഗ്നലുകൾ ക്രമരഹിതമാകുന്നു. ഇതോടെ കരളിന്റെ പ്രവർത്തനം താളംതെറ്റുകയും ശരീരം കാഷെക്സിയ എന്ന അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ശരീരത്തിലെ വിവിധ അവയവങ്ങൾ തമ്മിലുള്ള ആശയവിനിമയം ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് ഈ പഠനം തെളിയിക്കുന്നു. നാഡീവ്യൂഹങ്ങൾ മെറ്റബോളിസത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ അറിവുകൾ ഭാവിയിൽ മികച്ച ചികിത്സാ രീതികൾ വികസിപ്പിക്കാൻ സഹായിക്കും.
What's Your Reaction?