ഗൃഹാതുരത്വം നിറഞ്ഞ കെ.എസ്.ആർ.ടി.സി ഓർമകളുമായി ഓർമ എക്‌സ്പ്രസ്

പൂജപ്പുരയിൽ നിന്നും കയറി എം ജി കോളേജിലേക്ക് വരുന്ന നടൻ മോഹൻലാലും മറക്കാനാകാത്ത ഫ്രെയിമാണ്

Aug 21, 2025 - 10:26
Aug 21, 2025 - 16:56
 0
ഗൃഹാതുരത്വം നിറഞ്ഞ കെ.എസ്.ആർ.ടി.സി ഓർമകളുമായി ഓർമ എക്‌സ്പ്രസ്
തിരുവനന്തപുരം: പോയ കാലത്തെ കെ.എസ്.ആർ.ടി.സി. ഓർമകളുമായി മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശൻ, അഭിനേതാക്കളായ മണിയൻ പിള്ള രാജു, നന്ദു എന്നിവർ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറുമൊത്ത് നടത്തിയ ബസ് യാത്ര -`ഓർമ എക്‌സ്പ്രസ്‌` വ്യത്യസ്തമായി. കെ എസ് ആർടി സി എക്‌സ്‌പോയുടെ ഭാഗമായി ഡബിൾ ഡക്കർ ബസിൽ കവടിയാർ മുതൽ നിയമസഭാ മന്ദിരം വരെയായിരുന്നു യാത്ര. പേരൂർക്കടയിലെ വീട്ടിൽ നിന്നും സ്റ്റുഡന്റ്‌സ് ഒൺലി ബസിൽ കയറി യൂണിവേഴ്‌സിറ്റി കോളേജിലെത്തുന്ന ഓർമയിലൂടെ പ്രിയദർശൻ സംഭാഷണം ആരംഭിച്ചു. 
 
പൂജപ്പുരയിൽ നിന്നും കയറി എം ജി കോളേജിലേക്ക് വരുന്ന നടൻ മോഹൻലാലും മറക്കാനാകാത്ത ഫ്രെയിമാണ്. മാർ ഇവാനിയോസ്, എം.ജി., യൂണിവേഴ്‌സിറ്റി കോളേജ് എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകൾ കയ്യടക്കുന്ന കെ.എസ്.ആർ.ടി.സി. യാത്രകൾ മധുരമായ കൗമാര ഓർമകളാണ്. ഫുട്‌ബോഡിൽ നിന്ന് യാത്ര ചെയ്യാൻ മൽസരിച്ച കാലഘട്ടത്തിൽ മണിയടിച്ച് താൽപര്യമില്ലാത്ത സ്റ്റോപ്പിൽ വണ്ടി നിർത്താതിരിക്കാനും ചില വിരുതന്മാർ ശ്രമിച്ചിട്ടുണ്ട്. പിന്നീട് അക്കരെ നിന്നൊരു മാരൻ സിനിമയുടെ ക്ലൈമാക്‌സ് കെ.എസ്.ആർ.ടി.സി ബസായി മാറിയതും ശ്രദ്ധേയമായി. പ്രണയവും സൗഹൃദവും തമാശകളും നിറഞ്ഞ നല്ല ഓർമകളാണ് കെ.എസ്.ആർ.ടി.സിയുടേതെന്നും പ്രിയദർശൻ പറഞ്ഞു.
 
അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിഷന് മോണോ ആക്ട് കാണിക്കാൻ പറഞ്ഞപ്പോൾ യാത്രകളിലെ അനുഭവങ്ങൾ കോർത്തിണക്കി കെ.എസ്.ആർ.ടി.സി കണ്ടക്ടറെ കേന്ദ്രമാക്കി അവതരിപ്പിച്ച ഓർമകൾ മണിയൻ പിള്ള രാജു പങ്കുവെച്ചു.
 
കുത്തിക്കുറിച്ച് ഒടുവിൽ കീറി മാറുന്ന കൺസഷൻ കാർഡുകൾ ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. അന്നത്തെ കാലത്ത് നിന്ന് കെ.എസ്.ആർ.ടി.സി ഒരുപാട് മാറി എന്നത് സന്തോഷകരമാണ്. വോൾവോയും സ്ലീപ്പറുമടക്കമുള്ള സർവീസുകൾ കേരളത്തിനുമുണ്ടെന്നുള്ളത് സന്തോഷകരമാണ്.
 
മന്ത്രിയായിരുന്ന സമയത്ത് ഗണേഷ്‌കുമാറുമായി സീരിയൽ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ അലക്ഷ്യമായി ഇടതു വശത്തു കൂടി പാഞ്ഞ ഡ്രൈവറെ വണ്ടി നിർത്തി മുന്നറിയിപ്പ് നൽകിയ അനുഭവം നടൻ നന്ദു പങ്കുവെച്ചു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ എക്‌സ്പ്രസ് ബസിൽ ചായ കുടിക്കാൻ നിർത്തിയപ്പോൾ യാത്രക്കാരനെ കാണാതായ സംഭവവും നന്ദു ഓർത്തു.
 
ചരിത്രത്തിൽ തന്നെ ഒന്നിച്ച് ഏറ്റവും കൂടുതൽ ആധുനിക ബസുകൾ ലഭിക്കുന്നുവെന്ന പ്രത്യേകത മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു. സുഖപ്രദവും കൃത്യതയുള്ളതും സുരക്ഷിതവുമായ യാത്രയാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പൂർണ പിൻതുണയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി എം.ഡി പ്രണോജ് ശങ്കറും യാത്രയിൽ പങ്കെടുത്തു. കനകക്കുന്നിൽ നടക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിന്റെയും എക്‌സ്‌പോയുടെയും ഭാഗമായാണ്  യാത്ര സംഘടിപ്പിച്ചത്.
 
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow