ഹൈദരാബാദ്: പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി എന്നിവർ ഉൾപ്പെടെ 25 തെന്നിന്ത്യൻ താരങ്ങൾക്കെതിരേ കേസെടുത്തു. തെലങ്കാന പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃത ബെറ്റിങ് ആപ്പുകൾക്ക് പ്രചാരം നൽകുന്നുവെന്ന പരാതിയിലാണ് കേസ്.
വ്യവസായി ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇവർക്ക് പുറമെ 11 സമൂഹ മാധ്യമ ഇൻഫ്ളുവൻസർമാർക്കെതിരെയും ഹൈദരാബാദിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
സെലിബ്രിറ്റികളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ ഈ പ്ലാറ്റ്‌ഫോമുകൾ അവരുടെ ആപ്പുകളും വെബ്‌സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു. മാത്രമല്ല ലക്ഷണക്കണക്കിന് രൂപമാണ് ഇത്തരം അനധികൃത പ്ലാറ്റ്ഫോമുകളിലൂടെ മറിയുന്നതെന്നും പല കുടുംബങ്ങളെയും തകർക്കുവാൻ ഇത്തരം ആപ്പുകൾ കാരണമാകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.