ഡൽഹി: ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. തീവ്ര ലൈംഗികതയും അശ്ലീല ഉള്ളടക്കവും സംപ്രേക്ഷണം ചെയ്തതിനെ തുടർന്നാണ് നടപടി. ഇവയുടെ പ്രദർശനം തടയുന്നത് സംബന്ധിച്ച് ഇന്‍റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തു.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ആണ് വിഷയത്തിൽ നടപടി സ്വീകരിച്ചത്. അശ്ലീലമായ ഉള്ളടക്കം, ലൈംഗിക ദൃശ്യങ്ങൾ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുൾപ്പെടെ, നിലവിലുള്ള വിവിധ നിയമങ്ങളുടെ ലംഘനമാണ് ഈ ആപ്പുകൾ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾ 'സോഫ്റ്റ് പോൺ' എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ULLU, ALTT, X (ട്വിറ്റർ), ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, തുടങ്ങിയവയ്ക്കും കേന്ദ്രം നോട്ടീസ് നൽകിയതായാണ് വിവരം.