കൊച്ചി: പ്രൊഡ്യുസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നിര്‍മാതാവ് സാന്ദ്രാ തോമസ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനായി സാന്ദ്ര തോമസ് പത്രിക സമർപ്പിച്ചു. പര്‍ദ ധരിച്ചായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് സാന്ദ്ര എത്തിയത്.
നിർമ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടാണ് വന്നതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. തനിക്കുണ്ടായ മുൻ അനുഭവത്തിന്‍റെ പേരിൽ ഇവിടെ വരാൻ ഏറ്റവും യോജിച്ച വസ്ത്രം ഇതാണെന്നും പർദ്ദ പ്രതിഷേധത്തിന്‍റെ ഭാഗമാണെന്നും ഇതിനെ മതപരമായി കാണേണ്ടതില്ലെന്നും സാന്ദ്ര പറഞ്ഞു.
സംഘടനയുടെ ഭാരവാഹികളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് കാണിച്ച് നേരത്തെ സാന്ദ്ര തോമസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത്. ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.