സമൂസയ്ക്കും ജിലേബിക്കും മുന്നറിയിപ്പില്ല; നൽകിയത് പൊതുവായ നിർദേശമെന്ന് കേന്ദ്രസർക്കാർ

ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള ഒരു ഉപദേശമാണ് പുറത്തിറക്കിയത്

Jul 16, 2025 - 13:37
Jul 16, 2025 - 13:37
 0
സമൂസയ്ക്കും ജിലേബിക്കും മുന്നറിയിപ്പില്ല; നൽകിയത് പൊതുവായ നിർദേശമെന്ന് കേന്ദ്രസർക്കാർ
ഡല്‍ഹി: ഇന്ത്യന്‍ പലഹാരങ്ങളായ ജിലേബി, സമൂസ, ലഡ്ഡു എന്നിവയ്‌ക്കെതിരേ പ്രത്യേക മുന്നറിയിപ്പ് ലേബലുകളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിനെ ലക്ഷ്യമിട്ടല്ല മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മറിച്ച്  പൊതുവായ നിര്‍ദേശമാണ് നല്‍കിയതെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. 
 
പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതല്‍ അളവിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ മറഞ്ഞിരിക്കുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള ഒരു ഉപദേശമാണ് പുറത്തിറക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കാന്റീനുകള്‍, കഫെറ്റീരിയകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആരോഗ്യ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.
 
ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഭക്ഷണ ക്രമീകരണത്തിനൊപ്പം പടികള്‍ ചവിട്ടി കയറണമെന്നും ചെറിയ ഇടവേളകള്‍ എടുക്കണമെന്നും ഓഫീസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  പല ഭക്ഷണങ്ങളിലും അമിതമായ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അത് അമിതമായി കഴിക്കുന്നതിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow