കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പാഠപുസ്തക പരിഷ്‌കരണം നിർണായകം: മന്ത്രി കെ എൻ ബാലഗോപാൽ

പതിനാലായിരത്തോളം സ്‌കൂളുകളാണ് പൊതുവിഭ്യാഭ്യാസ മേഖലയിലുള്ളത്.

Jul 25, 2025 - 14:16
Jul 25, 2025 - 14:16
 0  10
കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പാഠപുസ്തക പരിഷ്‌കരണം നിർണായകം: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിനു ശേഷമുള്ള ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമെന്ന്  ധനമന്ത്രി കെ എൻ ബാലഗോപാൽ. സാങ്കേതികവും ശാസ്ത്രീയവുമായ അപ്ഡേഷനുകൾ ഉൾപ്പെടുത്തിയാണ് സിലബസ് കാലോചിതമായി പരിഷ്‌കരിക്കേണ്ടത്. ആർട്ട്, കൾച്ചർ, സ്പോർട്സ് വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം. ഇന്ത്യാക്കാർക്ക് മറ്റു രാജ്യങ്ങളിൽ തൊഴിൽ നിരോധനം നടപ്പിലാക്കുന്ന ഇക്കാലത്ത് നമ്മുടെ സംസ്ഥാനത്ത് തന്നെ വൻവ്യവസായങ്ങൾ വികസിപ്പിക്കാനും സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താനും ഉതകുന്ന പരിഷ്‌കരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.  ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം  ടഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
 
പതിനാലായിരത്തോളം സ്‌കൂളുകളാണ് പൊതുവിഭ്യാഭ്യാസ മേഖലയിലുള്ളത്. കഴിഞ്ഞ ഒൻപതു വർഷത്തിനുള്ളിൽ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി അയ്യായിരം കോടിരൂപ ചെലവഴിച്ചു. അൻപതിനായിരം ഹൈടെക് ക്ലാസ് മുറികൾ ഒരുക്കി. 43600 അധ്യാപക, അനധ്യാപക നിയമനങ്ങൾ നടത്തി. ഇതിൽ 19000 എണ്ണം പി.എസ്.സി നിയമനങ്ങൾ ആയിരുന്നു. സംസ്ഥാനത്തെ ശമ്പള ചെലവിൽ അൻപത് ശതമാനവും വിദ്യാഭ്യാസ മേഖലയിലേതാണ്.
 
പത്തു വർഷത്തിനു ശേഷം ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനായി. കേരളത്തിലെ വിദ്യാഭ്യാസം മികവേറിയതിനാലാണ് ലോകോത്തര സർവകലാശാലകളിൽ പ്രവേശനം നേടാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് കഴിയുന്നത്. മികച്ച അടിത്തറയാണ് സംസ്ഥാനം ലഭ്യമാക്കുന്നത്.  ലോകത്തെവിടെയുമുള്ള വിദ്യാർത്ഥികൾ ഇവിടേക്ക് എത്തുന്ന സാഹചര്യം ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. വിദേശത്തു നിന്നും ഈ വർഷം 2500 വിദ്യാർത്ഥികൾ സംസ്ഥാനത്ത് പഠനത്തിനായി എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
ഭൗതിക സാഹചര്യ വികസനത്തോടൊപ്പം തന്നെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനത്ത് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾ ആരംഭിച്ചതെന്ന്  അദ്ധ്യക്ഷനായിരുന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രണ്ടര വർഷം കൊണ്ട് ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പരിഷ്‌കരിക്കാനായി. ഈ പരിഷ്‌കരണ പ്രവർത്തനങ്ങളും ആരംഭിച്ചത് ജനകീയ ചർച്ചയോടെ ആയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ജനകീയ ചർച്ചകൾ നടന്നു. കൂടാതെ ലോകത്ത് തന്നെ ആദ്യമായി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളിൽ തങ്ങളുടെ അഭിപ്രായം കൂടി അറിയിക്കാൻ സ്വാതന്ത്ര്യവും അവസരവും ലഭിച്ച കുട്ടികളായി കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ മാറി. ഇതിന്റെ തുടർച്ചയാണ് പാഠ്യപദ്ധതി ചട്ടക്കൂടും നാന്നൂറ്റി മുപ്പത്തിയെട്ട് ടൈറ്റിൽ പാഠപുസ്തകങ്ങളും മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിൽ തയ്യാറാക്കിയത്. കൂടാതെ രക്ഷിതാക്കൾക്കായും ശ്രവണ പരിമിതി നേരിടുന്ന കുട്ടികൾക്കായും പ്രത്യേകം പുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്തു.
 
ഗുണമേന്മാ വിദ്യാഭ്യാസ കാര്യത്തിൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറല്ല എന്നതുകൊണ്ടാണ് ഈ വർഷം സമഗ്ര ഗുണമേന്മാ വർഷമായി പ്രഖ്യാപിച്ച് സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി പരിഗണിച്ച് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. ഓരോ കുട്ടിയും ഓരോ ക്ലാസിലും നേടേണ്ട നിശ്ചിത ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് എന്നത് ഈ വർഷം മുതൽ അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിൽ കൂടി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുകയും പഠന പിന്തുണ വേണ്ട എൺപത്തിയാറായിരം കുട്ടികൾക്ക്  അത് നൽകുവാനും കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ പ്രവർത്തനത്തിന് കേരളീയ സമൂഹം വലിയ പിന്തുണയാണ് നൽകിയത്. 
 
ജനകീയ പിന്തുണയോടു കൂടി തന്നെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയും നടപ്പിലാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്ലസ് വൺ, പ്ലസ് ടു  ക്ലാസുകളിലെ പാഠപുസ്തകം കൂടി പരിഷ്‌കരിക്കുവാൻ സർക്കാർ തീരുമാനിച്ചത്.  ആദ്യഘട്ടത്തിൽ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറാക്കിയ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. എല്ലാ പാഠപുസ്തകങ്ങളും എല്ലാവർഷവും പുതുക്കും. ഓരോ പുസ്തകത്തിന്റെയും രചനയ്ക്കായി മികച്ച ടീമിനെ ഏൽപ്പിക്കുവാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
 
എസ് സി ഇ ആർ ടി  പ്രസിദ്ധീകരണങ്ങൾ ആന്റണി രാജു എംഎൽഎ പ്രകാശനം ചെയ്തു. ദേശീയ പഠന നേട്ട സർവേയിൽ കേരളം രണ്ടാം സ്ഥാനം കൈവരിച്ചതിന്റെ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, കൈറ്റ് സിഇഒ കെ അൻവർ സാദത്ത്,  സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ, എസ് സി ഇ ആർ ടി കേരള ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
 

What's Your Reaction?

like

dislike

love

funny

angry

sad

wow