ട്രംപിന് നേരെയുള്ള വധശ്രമം: അക്രമി കാലിഫോർണിയക്കാരനായ അധ്യാപകൻ
വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ കോൾ തോമസ് അലനെ (31) കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമാണ് ഇയാളെന്ന് യുഎസ് പോലീസ് അറിയിച്ചു. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിലും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടിയ ഇയാൾ മികച്ച അധ്യാപകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിന്റെ ലോബിയിലേക്ക് തോക്കും കത്തികളുമായി ഇരച്ചുകയറിയ അലനെ വേദിക്ക് 50 യാർഡ് അകലെ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി. വിരുന്നിൽ പങ്കെടുക്കാനെത്തിയ അതിഥികളിൽ ഒരാളായിരുന്നു ഇയാളെന്നും റിപ്പോർട്ടുകളുണ്ട്. അക്രമത്തിൽ ഒരു സീക്രട്ട് ഏജന്റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് ട്രംപിനെയും മറ്റ് ഉന്നത വ്യക്തികളെയും സുരക്ഷിതമായി മാറ്റി. അക്രമത്തിന്റെ പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
What's Your Reaction?