വയനാട്ടില്‍ കാട്ടാന ഭീതി തുടരുന്നു; ആക്രമണത്തില്‍ ഒരു മരണം
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം ജീവന്‍ കവര്‍ന്നു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇന്ന് രാവിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് രാജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, കാട്ടിക്കുളം വെള്ളാഞ്ചേരി പ്രദേശത്തെ ജനവാസ മേഖലയിലേക്ക് ഒറ്റയാന്‍ ഇറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ മുതല്‍ പ്രദേശത്ത് ആനയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയിലായി. വനത്തോട് ചേര്‍ന്ന മേഖലകളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആനയെ വനത്തിലേക്ക് തിരിച്ചയക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യം പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്നും വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാട്ടാനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
What's Your Reaction?



