പ്രണയാഭ്യർത്ഥന നിരസിച്ചു; ഉജ്ജയിനിൽ 19-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രണയാഭ്യർത്ഥനയും വിവാഹാഭ്യർത്ഥനയും നിരസിച്ചതിന് 19-കാരിയായ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ബാപ്പു നഗർ സ്വദേശിയും ഒന്നാം വർഷ ബി.എ വിദ്യാർത്ഥിനിയുമായ പൂജ (പൂജ ഏലിയാസ് ഗുംഗൺ) എന്ന പെൺകുട്ടിക്കാണ് കുത്തേറ്റത്. സംഭവത്തിൽ 21-കാരനായ പ്രതി സുനിൽ ജറോലിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പഠനത്തോടൊപ്പം ദവാ ബസാറിലെ ഒരു ഫാർമസിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു പൂജ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെ ജോലിക്ക് പോകുന്നതിനിടയിലാണ് പ്രതി പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തിയത്. ഇയാൾ സംസാരിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഇതോടെ പ്രകോപിതനായ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെറും 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. വയറിലും കഴുത്തിലും കൈകളിലും ഗുരുതരമായി പരിക്കേറ്റ പൂജയെ നിലവിൽ പടിദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൂജ കഴിഞ്ഞ നാല് വർഷമായി തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടിയുടെ അമ്മ ഈ ബന്ധത്തെ എതിർത്തതോടെ അവൾ ഫോൺ എടുക്കാതാവുകയും തന്നെ ഒഴുവാക്കാൻ ശ്രമിക്കുകയും ചെയ്തതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഇയാൾ പറയുന്നു. എന്നാൽ പ്രതി മുൻപും പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ വ്യക്തമാക്കി. പെൺകുട്ടി സംസാരിക്കാൻ താല്പര്യം കാണിക്കാതിരുന്നിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?



